നെടുമങ്ങാട് : വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിന്റെ നിർമാണ പുരോഗതി ജി.ആർ. അനിൽ എംഎൽഎ കെൽട്രോൺ ജംഗ്ഷനിൽ നേരിട്ടെത്തി വിലയിരുത്തി. നിർമാണം നടക്കുന്ന പ്രദേശത്തുനിന്നും പൊതുജനങ്ങൾ നൽകിയ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.
പൈപ്പ് ലൈൻ ക്രോസിംഗുള്ള ആറാംകല്ല്, ഏണിക്കര, കരകുളം എന്നിവിടങ്ങളിലെ പൈലിംഗ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. വാട്ടർ അഥോറിറ്റിയുടെ കെൽട്രോൺ ജംഗ്ഷനിൽനിന്ന് തുടങ്ങുന്ന പൈപ്പ് ലൈൻ ഷിഫ്റ്റിംഗ് വർക്ക് രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു. നവംബർ മാസത്തോടെ കരകുളം പാലത്തിന്റെ ജോലികൾ പൂർത്തിയാകും.
ഡിസംബറിൽ കരകുളം പാലം വരെയുള്ള റോഡ് പണികൾ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിലുള്ള ട്രാൻസ്ഫോർമർ ഷിഫ്റ്റിംഗ് നാളെ ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യ റീച്ച് നിർമാണ പ്രവൃത്തികൾ 2027 മാർച്ചതോടെ പൂർത്തിയാക്കുന്ന തരത്തിൽ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. കെഎസ്ഇബി, വാട്ടർ അഥോറിറ്റി, കെആർ എഫ്ബി, കരകുളം പഞ്ചായത്ത് ഉദ്യോഗസ്ഥരും കരാറുകാർ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.